ഇന്ത്യയിലും ശക്തമായ ഭൂകമ്പം വരുന്നു : തുർക്കിയിലെ ഭൂകമ്പം മൂന്ന് ദിവസം മുൻപ് കൃത്യമായി പ്രവചിച്ച ഡച്ച് ഗവേഷകന്റെ പുതിയ പ്രവചനം

ന്യൂഡൽഹി : തുര്‍ക്കിയിലും സിറിയയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനമുണ്ടായതിന് പിന്നാലെ ചര്‍ച്ചയായത് ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സിന്റെ പ്രവചനമായിരുന്നു .“ഒട്ടും വൈകാതെ ഈ മേഖലയില്‍ (ദക്ഷിണ–മധ്യ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍) 7.5 M തീവ്രതയുള്ള ഭൂകമ്പമുണ്ടാകും.” ഫെബ്രുവരി മൂന്നിന് വൈകിട്ട് 5.33ന് ഭൗമഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് . ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള മേഖല കൃത്യമായി അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടെയായിരുന്നു ട്വീറ്റ്. കൃത്യം മൂന്നുദിവസത്തിനകം അതേ മേഖലയില്‍ ഒന്നല്ല മൂന്ന് വന്‍ ഭൂചലനങ്ങളാണ് ഉണ്ടായത്.ഈ ഭൂകമ്പത്തിൽ ഇതുവരെ 25,000 ത്തോളം പേരാണ് മരിച്ചത് . പരിക്കേറ്റവരുടെ എണ്ണം 70,000 കടന്നു. ഇപ്പോൾ ഇന്ത്യയെക്കുറിച്ചും സമാനമായ പ്രവചനം അദ്ദേഹം നടത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഫ്രാങ്ക് വീഡിയോയിൽ പറയുന്നു

ഈ ഭൂചലനം പാകിസ്താൻ, അഫ്ഗാൻ എന്നിവിടങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തും ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് ഇന്ത്യയേയും ബാധിക്കാം . തുർക്കിയിലേതുപോലെ വിനാശകരമായ ഭൂകമ്പം ഇന്ത്യയിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ചൈനയിൽ ഭൂചലനം ഉണ്ടായേക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ , തന്റെ പ്രവചനത്തിൽ, ഭൂകമ്പത്തിന്റെ തീവ്രതയോ തീയതിയോ ഫ്രാങ്ക് വ്യക്തമാക്കിയിട്ടില്ല.

വിപുലമായ ഗവേഷണങ്ങളുടെയും ഡേറ്റ വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഹൂഗര്‍ബീറ്റ്സ് ഭൂചലനങ്ങള്‍ പ്രവചിക്കുന്നത്. “ഭൂചലനത്തിന്റെ ദുരിതം പേറുന്നവർക്കൊപ്പമാണ് എന്റെ മനസ്. ഞാൻ മുൻപ് പറഞ്ഞത് പോലെ, ഈ മേഖലയിൽ ഇങ്ങനെ സംഭവിക്കും എന്ന് വ്യക്തമായിരുന്നു.” തുര്‍ക്കി–സിറിയ ദുരന്തത്തിന് പിന്നാലെ ഫ്രാങ്ക് ഹൂഗർബീറ്റ്സ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് .

സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ഗവേഷകനെന്നാണ് ഹൂഗര്‍ബീറ്റ്‌സ് ട്വിറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട് ആകാശഗോളങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ഥാപനമാണിത്.