കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. കൊല്ലാൻ തീരുമാനിച്ചാൽപിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്ന് ഫെയ്സ്ബുക് പോസ്റ്റിനു താഴെ കമന്റായി ജിജോ കുറിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ചുള്ള കമന്റിനു മറുപടിയായാണ് ജിജോ തില്ലങ്കേരി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകയല്ലാതെ ഉമ്മ വയ്ക്കാൻ പറ്റുമോ’ എന്നായിരുന്നു ജിജോയുടെ ചോദ്യം.
നേരത്തേ, സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി ആകാശ് തില്ലങ്കേരിയും ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നും ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിനു മറുപടിയായുള്ള കുറിപ്പിൽ ആകാശ് വ്യക്തമാക്കി.ആഹ്വാനം ചെയ്തവർക്കു പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്കു പട്ടിണിയും പടിയടച്ചു പിണ്ഡം വയ്ക്കലുമാണെന്നും, തെറ്റുതിരുത്താനുള്ള ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.
‘പലതിലും ഞങ്ങളെ കൊണ്ടുചാടിച്ചവനാണു സരീഷ്, പലരും വായടച്ചതു കൊണ്ടു മാത്രം പുറത്തിറങ്ങി നടക്കുന്നു’ എന്നും പറയുന്നുണ്ട്. പല ആഹ്വാനങ്ങളും തരും. കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്നു വ്യക്തമായപ്പോഴാണു പല വഴിക്കു സഞ്ചരിച്ചതെന്നും ആകാശിന്റെ കുറിപ്പിലുണ്ട്.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ പി.ജയരാജനാണു സിപിഎം ജില്ലാ സെക്രട്ടറിയെന്നും അദ്ദേഹം അറിയാതെ കൊലപാതകം നടക്കുമെന്നു കരുതുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു. ആകാശ് തില്ലങ്കേരി നടത്തുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു.