പത്തനംതിട്ട: 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ 27 ജീവനക്കാർ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിൽ എത്തിയത്. ഒരു കൂട്ടം ജീവനക്കാർ അതെ ദിവസം അവധിയെടുത്ത് ഉല്ലാസയാത്ര പോയിരുന്നു. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് താലൂക്കാഫീസിലെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോണിൽ വിളിച്ചു വിശദീകരണം ചോദിച്ചിരുന്നു.
സംഭവം വാർത്തയായതോടെ പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
” ആകെയുള്ള 63 പേരിൽ 27 ജീവനക്കാരാണ് ഫെബ്രുവരി 10 ന് താലൂക്ക് ഓഫീസിൽ ഹാജരായത്.ഉല്ലാസയാത്ര പോയ 20 ജീവനക്കാർ ചട്ട പ്രകാരം അവധി എടുത്തവരാണ്.18 ജീവനക്കാർ മുൻകൂറായി അവധിക്ക് അപേക്ഷ നൽകി അനുമതി നേടിയും
മറ്റു രണ്ടു പേർ നിയമപരമായ മാർഗത്തിൽ അവധിയെടുത്തുമാണ് യാത്ര പോയത്.ജനുവരി 18 നു ചേർന്ന സ്റ്റാഫ് കൗൺസിലാണ് ഉല്ലാസ യാത്ര പോകാൻ തീരുമാനം എടുത്തത്
ഫെബ്രുവരി 11, 12 അവധിയായതിനാൽ അന്ന് വാഹനങ്ങൾ ലഭ്യമായിരുന്നില്ല. അതിനാലാണ് ഫെബ്രുവരി 10 ലേക്ക് യാത്ര മാറ്റിയത്.
പാറമട ഉടമയുടെ വാഹനത്തിൽ സഞ്ചരിച്ചു എന്ന ആരോപണം ഉണ്ട്. എന്നാൽ ജീവനക്കാർ വാഹനത്തിന് 36000 രൂപ അടച്ചാണ് വാടകയ്ക്ക് എടുത്തത്. ഇതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.യാത്ര പോയ മൂന്നാറിൽ താമസിച്ച രേഖകളും അതിന് മുടക്കിയ പണത്തിന്റെ കണക്കും ഹാജരാക്കിയിട്ടുണ്ട്.താലൂക്ക് ഓഫീസിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഏതെങ്കിലും പൊതുജനത്തിന് എന്തെങ്കിലും സേവനം മുടങ്ങിയതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് ആരുടെയും പരാതി ലഭിച്ചിട്ടുമില്ല.മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇക്കാര്യം വ്യാപകമായി പ്രചരിച്ചതിനാലാകണം അധികം ആളുകൾ ഔദ്യോഗികമായ ആവശ്യങ്ങൾക്കായി അന്ന് താലൂക്ക് ഓഫിസിലേക്ക് എത്താതിരുന്നത്.
ആകെ 9 അപേക്ഷകളാണ് ലഭിച്ചത് എന്ന് രേഖകൾ കാണിക്കുന്നു.9 തപാലുകൾ ലഭിച്ചു 12 സർട്ടിഫിക്കറ്റ് അപേക്ഷ ലഭിച്ചു ഇതെല്ലാം തീർപ്പാക്കി.
യാത്രയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചട്ടപ്രകാരം മുൻകൂർ അപേക്ഷ നൽകി ആസ്ഥാനം വിടാനുള്ള അനുമതി നേടിയ ശേഷം ചാർജ് കൈമാറിയ ശേഷമാണ് ജോലിയിൽ നിന്ന് വിട്ടു നിന്നത്.ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ ഇത്തരം കൂട്ട അവധികൾ എടുക്കുന്നതിൽ ഒരു മാനദണ്ഡം കൊണ്ടുവരണം.” പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന വകുപ്പായതിനാൽ റവന്യൂവകുപ്പിൽ എത്ര പേര്‍ക്ക് ഒരു ദിവസം ഒരുമിച്ചു അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം കൊണ്ടുവരാൻ ലാൻഡ് റവന്യു കമ്മീഷണർ നടപടിയെടുക്കുമെന്നാണ് വിവരം.