നായർ സമൂഹം അന്യം നിന്ന് പോകാതിരിക്കാൻ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം,ഫേസ് ബുക്കിലെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: നായർ വീടുകളിൽ ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം കഴിക്കാതെ നിൽക്കുകയാണെന്നും സമൂഹം അതിസങ്കീർണമായ അവസ്ഥയിലാണെന്നും വിവാഹവും പ്രത്യുൽപാദനവും ഇല്ലെങ്കിൽ സമുദായം ശോഷിച്ച് ഇല്ലാതാകുന്നും നായർ വീടുകളിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും മാവേലിക്കര സ്വദേശിയും ഹൈദരാബാദ് നിവാസിയുമായ സുരേഷ് ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

” നായർ സമൂഹം അതിസങ്കീർണ്ണ അവസ്ഥയിലാകുമോ?

നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം കഴിക്കാതെ നിൽക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കിൽ 2010ന് ശേഷം വിവാഹിതരായവർക്ക് ജനിക്കുന്ന മക്കൾ പ്രായപൂർത്തി ആകുമ്പോൾ അവർ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!

ഏകദേശം 2030ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥർക്ക്, അവർ പറയുന്ന ഡിമാൻഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായർ സമൂഹത്തിന് ഉണ്ടാകും. വിവാഹവും പ്രത്യുൽപ്പാദനവും ഇല്ലെങ്കിൽ നമ്മൾ ശോഷിച്ച് ഇല്ലാതാകുമെന്നതിൽ സംശയമില്ല.

നായർ സമൂഹത്തിലെ ആൺകുട്ടികൾ യാതൊരു ഡിമാന്റും ഇല്ലെങ്കിൽക്കൂടിയും പെണ്ണു കിട്ടാതെ നിൽക്കുകയാണ്. അവർക്കൊരു പരിഗണനപോലും ആരും കൊടക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങൾ ഇങ്ങനെ അവിവാഹിതർ ആയി നിന്നാൽ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

കേരളത്തിന്‌ പുറത്ത് വടക്കേ ഇന്ത്യയിൽ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികൾ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലുള്ള നായർ മാതാപിതാക്കൾ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാൻ താല്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്.ഈ സമുദായം നിലനിൽക്കണമെങ്കിൽ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികൾ എന്ന നിലയിലേക്ക് നമ്മൾ കടക്കേണ്ടതാണ്.ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ.

സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളിൽ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.”