ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും കീഴടങ്ങി

തിരുവനന്തപുരം∙ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിനു മുന്നില്‍ കീഴടങ്ങി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. 21ന് മുൻപ് കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു.

മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാരെ പുത്തൻപാലം രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ കോളജിൽനിന്നും രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോകുകയായിരുന്നു.മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനങ്ങൾ തോറും ഓംപ്രകാശ് പൊലീസിനെ ഓടിച്ചു വലയ്ക്കുകയാണ്. ഓംപ്രകാശിനെ തേടി രണ്ടാം തവണയും ഹൈദരാബാദിൽപോയ പൊലീസ് സംഘം വെറും കൈയ്യോടെ മടങ്ങി. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലും ഓംപ്രകാശിനായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.