തിരുവനന്തപുരം: എകെ ബാലന്റെ തനിക്കെതിരെയുള്ള വിമർശനം കാര്യം അറിയാതെയാണെന്നും എൽഡിഎഫിന്റെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും മാനേജ്‌മെന്റ് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ ഗതാഗത വകുപ്പ് മന്ത്രിയെയും സർക്കാരിനെയും സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്നും തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്നും എകെ ബാലൻ ആരോപിച്ചു.
ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റ് മറ്റെന്തോ അജണ്ട വച്ചുപുലർത്തുന്നുണ്ടെന്നും വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്നും മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ പറഞ്ഞു.
കെഎസ്ആർടിസി സമരത്തിൽ യൂണിയനുകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാം.എകെ ബാലന്റെ പ്രസ്താവനയെ അതേ ഗൗരവത്തോടെ പരിശോധിക്കും. കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ വെട്ടിപ്പ് കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് കണ്ടെത്തിയത്. ഡീസൽ വെട്ടിപ്പ് സംബന്ധിച്ച് ഐഒസിക്ക് പരാതി അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു മന്ത്രി വ്യക്തമാക്കി.