കോഴിക്കോട്: ട്രെയിൻ മാറിക്കയറിയ യുവതിയുടെ ഷാൾ ടിക്കറ്റ് പരിശോധക പിടിച്ചെടുത്തെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് റെയിൽവേ. ശരിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴ അടക്കാൻ പറഞ്ഞപ്പോൾ ഷാൾ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പിഴ അടച്ച ശേഷം വീഡിയോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയതാണ്. റെയിൽവേ ഉദ്യോഗസ്ഥ ഷാൾ പിടിച്ചുവാങ്ങി എന്ന ആരോപണം ശരിയല്ലെന്ന് പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻ ഓഫിസർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്ന് യാത്രക്കാരിയായ ബാലുശ്ശേരി ചളുക്കിൽ നൗഷത്ത് അറിയിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം ഇന്റർസിറ്റി എക്സ്പ്രസിൽ തലശ്ശേരിയിൽ നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോഴാണ് പരാതിക്കിടയായ സംഭവം. തലശ്ശേരിയിൽ നിന്ന് മെമു ട്രെയിനിൽ കൊയിലാണ്ടിക്ക് ടിക്കറ്റെടുത്തതായിരുന്നു. ഇന്റർ സിറ്റിയിൽ മാറിക്കയറി. ഇതിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലായിരുന്നു. കോഴിക്കോടിറങ്ങിയപ്പോൾ ടിക്കറ്റ് പരിശോധക മോശമായി പെരുമാറി എന്നാണ് പരാതി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് യുവതിക്കെതിരെ ആർ.പി.എഫിൽ റെയിൽവെ പരാതി നൽകി. യുവതി പൊലീസിലും കേന്ദ്രറെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.