വേദനയോടെ കലാകേരളം സുബിയെ യാത്രയാക്കി

കൊച്ചി : പ്രശസ്ത സിനിമ ടി വി സീരിയൽ താരം സുബി സുരേഷിനെ വേദനയോടെ കലാകേരളം യാത്രാ മൊഴിചൊല്ലി.എറണാകുളം ചേരനല്ലൂർ പൊതു ശ്‌മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. സുബിയുടെ അകാലവിയോഗത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ദുഃഖം കടിച്ചമർത്തി അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സുബിയുടെ മ്യതദേഹം നോക്കി പലരും വിതുമ്പുന്നുണ്ടായിരുന്നു.

നിറഞ്ഞ കണ്ണുകളോടെയാണ് പ്രിയ താരത്തിന് നാട് വിട ചൊല്ലിയത്.മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ നിന്ന് ചേരാനല്ലൂർ പാെതു ശ്മശാനത്തിലേക്ക് കാെണ്ടു പോയി. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു അവസാന ചടങ്ങുകൾ നടന്നത്.സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു.

ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.തന്റെ കൂട്ടുകാരിയുടെ മൃതദേഹം കണ്ട തസ്നി ഖാൻ പൊട്ടിക്കരഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മുൻ മന്ത്രി എസ് ശർമ, ബിജെ പി നേതാവ് എ എൻ രാധാകൃഷ്ണൻ , സംവിധായകൻ സിദിഖ്, നിർമാതാവ് ആന്‍റോ ജോസഫ് തുടങ്ങി നാടിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.

അജു വർഗീസ്, പിഷാരടി, പേളി മാണി, അൻസിബ, ബീന ആന്റണി തുടങ്ങിയ നിരവധി താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്നു.