കുടുംബ വഴക്ക്; മരിക്കാൻ പോകുന്നെന്ന് ഭാര്യയ്ക്ക് വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കി

തൊടുപുഴ ∙ മരിക്കാൻ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം രണ്ടാം നിലയിലെ മുറിയിലേക്കു പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോകുകയാണെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു.

ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ സനൂപിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അഞ്ജു. മകൻ: യുവിൻ.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)