ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാര്‍ത്ഥികളെ ചേംബറിൽ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്ന് നീക്കി, മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം : കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പല്‍ എം.രമയെ ചുമതലയില്‍ നിന്ന് ഉടനടി നീക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. കാസര്‍ഗോഡ് ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാര്‍ത്ഥികളെ  പ്രിൻസിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്ന് നീക്കാനുള്ള നടപടിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ 15 ഓളം വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടത്.

വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ കണ്ടത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതി,മാറ്റാൻ തനിക്കു സമയമില്ലെന്ന പ്രിൻസിപ്പലിന്റെ കടുംപിടുത്തതിന് മുന്നിൽ പരിഹാരം കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്നതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നാണ് പരാതി.പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതായും വിദ്യാർത്ഥികൾ പറയുന്നു.