മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ ഇന്നും പ്രതിഷേധം ശക്തം; കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്‍ന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാവും മുഖ്യമന്ത്രിക്കായി ഒരുക്കുക.

ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്ത് മാത്രം ആറിടത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍. വൈ.എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊട്ടിയത്തും, പാരിപ്പളളിയിലും, മാടന്‍നടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ മാടന്‍നടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാരിപ്പള്ളിയിലും , എസ്എന്‍ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു.

ജില്ലയില്‍ പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേര്‍ കരുതല്‍ തടങ്കലിലാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ഉള്ളത്.