തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിൽ അമ്മയ്ക്ക് മകൻ്റെ ക്രൂര മർദനം.
വൃദ്ധയായ മാതാവിനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകൻ രാജേഷ് (ശ്രീജിത് ) ഞായറാഴ്ച്ച വൈകുന്നേരം അതി ക്രൂരമായി മർദ്ദിച്ചത്.രാജേഷ് വെൽഡിംങ്ങ് തൊഴിലാളിയാണ്. ജോലി കഴിഞ്ഞു മദ്യപിച്ചു എത്തുന്ന രാജേഷ് ദിവസവും രാത്രിയിൽ വൃദ്ധ മാതാവിനെ മർദ്ദിക്കുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.
അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. രാജേഷിൻ്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും പിണങ്ങി പോയിരുന്നു.നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും മർദ്ദനം തുടരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.