കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ പിൻഭാ​ഗം റൺവേയിൽ തട്ടി അടിയന്തിരമായി തിരുവനന്തപുരത്തു ലാൻഡ് ചെയ്തു

കോഴിക്കോട്: കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ പിൻഭാ​ഗം റൺവേയിൽ തട്ടിയതിനെ തുടർന്ന് അടിയന്തിരമായി തിരുവനന്തപുരത്തു ലാൻഡ് ചെയ്തു.സാങ്കേതിക തകരാറിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണെന്നാണ് വിലയിരുത്തൽ.പൈലറ്റിനെ സസ്പെൻഡ് ചെയ്തു.

ഇന്നലെ രാവിലെ 09:44 ന് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്.കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി.ഇതേ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

അധികൃതരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.ഉച്ചക്ക് 12.15ന് വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. ലാന്‍ഡ് ചെയ്യുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്‍പോര്‍ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധന ഭാരം കുറച്ച ശേഷമാണ് വിമാനം നിലത്തിറക്കിയത്.വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്തിനു ശേഷം യാത്രക്കാരെയും വഹിച്ചു് വിമാനം ദമാമിലേക്ക് പറന്നു.