തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ 70ാം പിറന്നാളാണ് മാർച്ച് ഒന്ന്,തമിഴ്‌നാട്ടിൽ അന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം സമ്മാനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി സ്റ്റാലിന്റെ 70ാം പിറന്നാൾ മാർച്ച് ഒന്നിനാണ്. ആഘോഷമായി കൊണ്ടാടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പിറന്നാളോഘോഷത്തിൽ വേറിട്ട പരിപാടികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്.ഇതേ ദിവസം പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം സമ്മാനമായി നൽകും.
ഇത് കൂടാതെ വിവിധ ക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരം, കർഷകർക്ക് തൈകൾ, രക്തദാന ക്യാമ്പുകൾ, കമ്മ്യൂണിറ്റി ബേബി ഷവർ പരിപാടികൾ, വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ, കമ്മ്യൂണിറ്റി ഉച്ചഭക്ഷണം, നേത്ര ക്യാമ്പുകൾ തുടങ്ങി ഡസൻ കണക്കിന് പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ക്രിക്കറ്റ്, കബഡി ടൂർണമെന്റുകൾ, മാരത്തൺ ഇവന്റുകൾ എന്നിവയും ഡിഎംകെ ആസൂത്രണം ചെയ്യുന്നുണ്ട്.

1953 മാർച്ച് 1നാണ് സ്റ്റാലിൻ ജനിച്ചത്. മാർച്ച് ഒന്നിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗം പാർട്ടിയുടെ ദക്ഷിണ ജില്ലാ ഘടകം സംഘടിപ്പിക്കും. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഐഎംസി ഗ്രൗണ്ടിൽ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, ട്രഷറർ ടി ആർ ബാലു തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കൾ സ്റ്റാലിനെ അനുമോദിക്കും. സ്റ്റാലിന്റെ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസൻ ഉത്‌ഘാടനം ചെയ്യും.പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കും.