രാജ്യത്തിനകത്തും പുറത്തും മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതി.സുരക്ഷയ്ക്ക് വേണ്ടിവരുന്ന ചെലവുകൾ അംബാനി കുടുംബം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അംബാനി കുടുംബത്തിന് നേരെയുണ്ടാകുന്ന തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലുടനീളമുള്ള യാത്രകൾക്കും വിദേശ യാത്രകൾക്കും ഏറ്റവും ഉയർന്ന സുരക്ഷയായ ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നും മഹാരാഷ്ട്ര സംസ്ഥാനവും ആഭ്യന്തര മന്ത്രാലയവും ഇത് ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

മുകേഷ് അംബാനിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.സുപ്രീം കോടതി ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്.