കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് 6 കോടി നോട്ടു കൂമ്പാരം പിടിച്ചു

ബെംഗളൂരു∙ കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർണാടകയിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കൾ. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്റേജ് ബോർഡ് ചെയർമാനാണ് ഇദ്ദേഹത്തിന്റെ മകൻ പ്രശാന്ത്. വ്യാഴാഴ്ച കെഎസ്ഡിഎൽ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം ഇയാളുടെ ഓഫിസിൽനിന്ന് പിടിച്ചെടുത്തു. ഇതിൽ 1.7 കോടി രൂപയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

2008 ബാച്ച് കർണാടക അഡിമിനിസ്ട്രീറ്റീവ് സർവീസ് ഓഫിസറായ പ്രശാന്ത് സോപ്പും ഡിറ്റർജന്റുകളും ഉണ്ടാക്കുന്ന അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോൺട്രാക്ടറുടെ കയ്യിൽനിന്ന് 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഓംബുഡ്സ്മാൻ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ദവാൻഗെരെ ജില്ലയിലെ ഛന്നാഗിരിയിൽനിന്നുള്ള എംഎൽഎയാണ് വിരുപാക്ഷാപ്പ.