തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം.

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.‘തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാൻ. എന്റെ വീട്ടിൽ നിന്ന് അയ്യങ്കാളി റോട്ടിലൂടെ കേറി മെയിൻ റോഡിലേക്ക് പോകാമെന്ന് വിചാരിച്ചു. അപ്പോഴാണ് കൈയിൽ പണമില്ലെന്ന് അറിയുന്നത്. വീണ്ടും തിരിച്ച് വീട്ടിലേക്ക് മൂലവിള ജംഗ്ഷനിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതൻ നെഞ്ചത്ത് ആക്രമിക്കുന്നത്. വേദനിച്ച ഉടൻ അയാളുടെ കൈതട്ടിമാറ്റിയപ്പോൾ ആക്രമിച്ചാൽ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച് മുടിയിൽ കുത്തിപ്പിടിച്ച് ചുമരിൽ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചു. അപ്പോഴേക്കും ഉറക്കെ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. തൊട്ടടുത്ത ഫെബ കമ്പ്യൂട്ടേഴ്‌സിലെ സെക്യൂരിറ്റിയും തൊട്ടടുത്തെ വീട്ടിലെ രണ്ട് സ്ത്രീകളും ജനൽ വഴി നോക്കി നിൽക്കുകയല്ലാതെ സഹായിക്കാൻ വന്നില്ല. ഒരു കല്ലെടുത്ത് തിരിച്ച ആക്രമിച്ച് വേഗം വീടിനുള്ളിലേക്ക് കയറി കതകടച്ച് മകളോട് കാര്യം പറഞ്ഞു. ഉടൻ ഗൂഗിൾ ചെയ്ത് പേട്ട സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ പൊലീസുകാരൻ പലതവണ എവിടെയാണ് താമസം, ആരാണ് എന്ന് മാത്രം ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ മകളോട് ഞാൻ പറഞ്ഞു എന്നെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണം, എന്റെ ബോധം പോയാൽ എന്നെ തൂക്കിയെടുത്തുകൊണ്ടു പോകാൻ ബുദ്ധിമുട്ടാകും എന്ന്. ആരുടേയും സഹായമില്ലാതെ തന്നെ മകൾ എന്നെയും ഇരുത്തി സ്‌കൂട്ടറിൽ ആശുപത്രിയിൽ കൊണ്ടുപോയി. വീണ്ടും പേട്ട സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. മകളോട് സ്‌റ്റേഷനിലെത്തി സ്‌റ്റേറ്റ്‌മെന്റ് എഴുതി തരാൻ പറഞ്ഞു. അപ്പോൾ മകൾ പറഞ്ഞു അമ്മ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയിൽ അമ്മയെ ആശുപത്രിയിൽ ഒറ്റയ്ക്കാക്കി വരില്ലെന്ന്. പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതിയുമായി സമീപിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ നാളെ മറ്റൊരാൾക്കോ എന്റെ മകൾക്കോ ഈ ഗതി വരരുതെന്ന് വിചാരിച്ച് കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പേട്ട സ്റ്റേഷനിൽ നിന്ന് ഒരു വനിതാ ഓഫിസറെത്തി മൊഴി എടുത്തു’യുവതി പറഞ്ഞു.