നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഏപ്രില്‍ ഒന്ന് (റമദാന്‍ 10) മുതലാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം നല്‍കുക.സൗദിയില്‍ വെച്ച് ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്.

സൗദി അറേബ്യയില്‍ വസിക്കുന്ന സ്വദേശികളും വിദേശികളുമായ മുസ്ലിംകള്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിന് റമദാന്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.റമദാന്‍ 11 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമോ അതിന് മുമ്പോ ഹജ്ജ് ചെയ്തവര്‍ക്കും അപേക്ഷിക്കാം.

കഴിഞ്ഞ ജനുവരി അഞ്ചു മുതലാണ് സൗദി അറേബ്യയിലുള്ളവര്‍ക്ക് നുസുക് ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഹജ്ജിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. https://localhaj.haj.gov.sa എന്ന ലിങ്ക് വഴിയോ നുസിക്ക് ആപ്പ് വഴിയോ ആണ് രജിസ്ട്രേഷന്‍ നടത്തേണ്ടതെന്നും  ടെന്റുകളിലും മറ്റ് താമസ സ്ഥലങ്ങളിലുമുള്ള സൗകര്യത്തിനനുസരിച്ച് മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.