ആറു മണിക്കൂര്‍ നീണ്ട ഷോപ്പിങ്; ഒടുവില്‍ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നല്‍കി കടയുടമ

ശരീരഭാരം കൂടുതലുള്ളവർക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. മിക്ക കടകളിലും ഇത്തരത്തിലുള്ളവർക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഉണ്ടാകില്ല. അതുകൊണ്ട്തന്നെ അവരുടെ ഷോപ്പിങ് മണിക്കൂറുകളോളം നീണ്ടുപോകും.

ഇങ്ങനെ ആറു മണിക്കൂറോളം കടകൾ കയറി ഇറങ്ങിയ ഒരു പെൺകുട്ടിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോർത്ത് കരോലിനയിലാണ് ഈ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് 18-കാരി ഷോപ്പിങ്ങിന് എത്തിയത്.

പ്ലസ് സൈസ് വസ്ത്രങ്ങൾ ധാരാളമുള്ള നോർത്ത് കരോലിനയിലെ ബുട്ടിക്കിലാണ് ഒടുവിൽ പെൺകുട്ടി എത്തിയത്. 400 ഡോളറിൽ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. കുറേ വസ്ത്രങ്ങൾ ധരിച്ചുനോക്കി. അതിൽപർപ്പിൾ നിറത്തിലുള്ള ഒരു ഗൗൺ ആയിരുന്നു അവൾക്ക് നന്നായി ഇണങ്ങുന്നത്. എന്നാൽ ഇതിന്റെ വില ബജറ്റിനേക്കാൾ 300 ഡോളർ കൂടുതലായിരുന്നു. ഇതോടെ അവളും കുടുംബവും ആശയക്കുഴപ്പത്തിലായി.എന്നാൽ കടയുടെ ഉടമ അവൾക്കൊരു സർപ്രൈസ് ഒരുക്കിയിരുന്നു. ആ വസ്ത്രം സൗജന്യമായി നൽകി. ഏതോ ഒരു മാലാഖ അവർക്ക് ആ ഉടുപ്പ് സൗജന്യമായി നൽകണമെന്ന് തന്റെ ഉള്ളിലിരുന്ന് പറഞ്ഞതായി കടയുടമ ലൂസില്ല പറയുന്നു. ആ സമയത്ത് വീട്ടുകാരുടേയും പെൺകുട്ടിയുടേയും മുഖത്തുണ്ടാകുന്ന സന്തോഷവും വളരെ വലുതായിരുന്നു.