124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തി കർണാടക കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ആകെ 224 സീറ്റുകളിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോൺഗ്രസ്.മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ മൈസൂരുവിലെ വരുണയിൽ നിന്നും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിലും മുതിർന്ന നേതാവായ ജി.പരമേശ്വര കൊരട്ടിഗെരെയിൽ നിന്നും ജനവിധി തേടും.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിയത്.ബിജെപി വിട്ടുവന്ന കിരൺ കുമാറിന് മത്സരിക്കാനായി ചിക്കനായകനഹള്ളിയും എംഎൽസി പുട്ടണ്ണയ്ക്ക് ബംഗളൂരു രാജാജി നഗറും കെ എച്ച് മുനിയപ്പ ദേവനഹള്ളിയിൽ നിന്നും മത്സരിക്കുമെന്ന് കോൺഗ്രസ് പുറത്തുവിട്ട പട്ടികയിൽ വ്യക്തമാകുന്നു.

രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി റോജി എം.ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.നാൽപതോളം പേർ 45 വയസ്സിൽ താഴെയുള്ളവരാണ്.