ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നത്,എന്തുവില കൊടുക്കാനും തയ്യാര്‍,രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും എന്ത് വില കൊടുക്കാനും തയ്യാറാണെന്നും ലോക്സഭയിൽനിന്ന് തന്നെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. “നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും” എന്ന 2019 ൽ കർണാടകത്തിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് രാഹുലിനു കുരുക്കായത്.

മോദിസുമാദയത്തെ അപകീർത്തിപ്പെടുത്തിയെന്നു ആരോപിച്ചു ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയ സൂറത്ത് സിജെഎം കോടതി രണ്ടു വർഷം തടവു ശിക്ഷ വിധിക്കുകയായിരുന്നു.വിധിക്കെതിരെ അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു കോടതി ജാമ്യം അനുവദിച്ചിരുന്നു.

ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുന്നതിനു മുമ്പാണ് രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവു പുറപ്പെടുവിച്ചത്.ജനാധിപത്യത്തെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നും രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസർക്കാരിൻ്റെ നടപടിയെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള നടപടിയെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്തെത്തി. മേൽക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.