ബിൽക്കീസ് ബാനു കേസ് ഭയാനകമായ കുറ്റകൃത്യം: സുപ്രീം കോടതി

ന്യൂഡൽഹി ∙ ഗുജറാത്തിലെ ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചതിനെതിരായ ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി. മോചിതരായ പ്രതികൾക്കും നോട്ടിസ് അയച്ച കോടതി, ഭയപ്പെടുത്തുന്നതാണ് ഈ ബലാത്സംഗക്കേസ് എന്നും അഭിപ്രായപ്പെട്ടു. മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ ഹർജിക്കു പുറമേ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎമ്മിലെ സുഭാഷിണി അലി, പത്രപ്രവർത്തക രേവതി ലൗൽ, പ്രഫ. രേഖ വർമ തുടങ്ങിയവരും ഹർജി നൽകിയിട്ടുണ്ട്. ഏപ്രിൽ 18ന് വാദം കേൾക്കും.ബിൽക്കീസ് ബാനു കേസിൽ ജയിൽ മോചിതനായ പ്രതി ശൈലേഷ് ഭട്ട് (63) ഗുജറാത്തിൽ ബിജെപി എംപി ജസ്‍വന്തിസിങ് ഭഭോറിനും അദ്ദേഹത്തിന്റെ സഹോദരനും എംഎൽഎയുമായ ശൈലേഷ് ഭഭോറിനുമൊപ്പം വേദി പങ്കിട്ട ചിത്രങ്ങൾ പുറത്തുവന്നു.