ന്യൂഡൽഹി ∙ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനായതിനു പിന്നാലെ ഒൗദ്യോഗിക വസതിയൊഴിയാൻ രാഹുൽ ഗാന്ധിക്കു നിർദേശം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നു ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോട്ടിസിൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ 2004ലാണ് ഇവിടേക്കു മാറിയത്. ഇതിനിടെ, രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.