രാജ്യത്തെ 18 മരുന്നു നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ ഡിജിസിഐ

ന്യൂഡൽഹി∙ രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനെതിരെയാണ് നടപടി. ഇവരോടെ നിർമാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. 26 കമ്പനികൾക്കു നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന നടത്തിയാണ് നടപടി.

മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിലായി ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണു പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തി വരികയായിരുന്നു. ഇന്ത്യൻ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരശോധന നടത്തിയത്. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് ലൈഫ്സയൻസ് എന്ന കമ്പനി 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നു മുഴുവൻ തിരിച്ചുവിളിച്ചിരുന്നു. മരുന്നിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ‌ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെയായിരുന്നു നടപടി.