അമേരിക്ക, കാനഡ അതിർത്തിയിലെ ചതുപ്പിൽ നിന്ന് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേരുടെ മൃതദേഹം കണ്ടെത്തി

ഒട്ടാവ:  കാനഡ- യുഎസ് അതിർത്തിക്ക് സമീപം ചതുപ്പിൽ മറിഞ്ഞ നിലയിൽ കാണപ്പെട്ട ബോട്ടിന് സമീപം ചതുപ്പിൽ നിന്ന് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേരുടെ മൃതദേഹം കണ്ടെത്തി.അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.ചതുപ്പിൽ മറിഞ്ഞ നിലയിൽ കാണപ്പെട്ട ബോട്ടിന് അടുത്തായാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

മരിച്ചവരിൽ ആറ് പേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മരണപ്പെട്ടവരില്‍ ഒരാള്‍ റൊമാനിയന്‍ വംശജനും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണ്. മരിച്ച കുട്ടികളിൽ ഒരാൾക്ക് മൂന്ന് വയസിൽ താഴെയാണ് പ്രായം.ബോട്ടില്‍ നിന്നും റൊമാനിയൻ കുടുംബത്തിലെ കുഞ്ഞിന്‍റെ പാസ്പോ‍ർട്ട് കണ്ടു കിട്ടി.ചതുപ്പിൽ അകപ്പെട്ട നിലയിലായിരുന്നു ബോട്ട് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

കേസി ഓക്സിൻ എന്ന മുപ്പതുകാരനെ കാണാതായിട്ടുണ്ട്.ഓക്സിനുവേണ്ടി അന്വേഷണം തുടരുകയാണ്.ചതുപ്പിൽ കണ്ടെത്തിയ ബോട്ട് കാണാതായ കേസി ഓക്സിന്‍റെ പേരിലുള്ളതാണ്.വ്യോമസേന നടത്തിയ തെരച്ചിലിലാണ് അപകടത്തില്‍പെട്ട ബോട്ട് കണ്ടെത്തുന്നത്.മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കുടിയേറ്റക്കാരുടെ മരണം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തോടൊപ്പം പങ്കു ചേരുന്നുവെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.