യുഎസിൽ എട്ടോളം സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ്,നിരവധി മരണങ്ങൾ

മിസിസിപ്പി : യുഎസിലെ മിസിസിപ്പിയിൽ ശക്തമായ ചുഴലിക്കാറ്റ് വീശി. 23 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു.വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ വീശിയടിച്ച കൊടുങ്കാറ്റിൽ അലബാമയിലും മിസിസിപ്പിയിലും അർക്കൻസസിലെ ലിറ്റിൽ റോക്കിന് സമീപവും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.മധ്യ-പടിഞ്ഞാറൻ യുഎസിലാണ് ചുഴലി കൊടുങ്കാറ്റ് വീശിയത്.

യുഎസിൽ എട്ടോളം സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയതായും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ വ്യക്തമാക്കുന്നു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി.രാത്രിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് 23 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഗോൾഫ് ബോളുകളോളം വലിയ ആലിപ്പഴം വീഴ്ചയുമുണ്ടായി. സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് 113 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.റോളിംഗ് ഫോർക്ക് ന​ഗരം വലിയ നാശനഷ്ടം നേരിട്ടതായി റോളിംഗ് ഫോർക്ക് മേയർ എൽഡ്രിഡ്ജ് വാക്കർ സിഎൻഎന്നിനോട് പറഞ്ഞു.മിസിസിപ്പിയിലെ ജാക്‌സണിൽ നിന്ന് 96 കിലോമീറ്റർ വടക്കുകിഴക്കായി ചുഴലിക്കാറ്റ് നാശം വിതച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

ചുഴലിക്കാറ്റ് ബാധിത പ്രദേശത്തുള്ളവരെ സഹായിക്കാൻ പ്രാദേശിക, സംസ്ഥാന ഏജൻസികളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനുള്ള ടീമുകളെ വിന്യസിച്ചതായി എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.പ്രദേശം വൃത്തിയാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള പ്രവൃത്തികൾ പുരോ​ഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.