പുരോഗനമപരമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു സവർക്കർ,ശരദ് പവാർ

ന്യൂഡൽഹി : ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെ മാപ്പു പറയാൻ താൻ സവർക്കറല്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെ സവർക്കറെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ.ശാസ്ത്രബോധമുള്ള പുരോഗമനവാദിയായ വ്യക്തിയായിരുന്നു സവർക്കറെ ശരദ് പവാർ വിശേഷിപ്പിച്ചു.

രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു. സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നട‌ത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു.

ഇന്ന് സവർക്കർ ഒരു ദേശീയ വിഷയമല്ല.പഴയ കാര്യമായി മാറിക്കഴിഞ്ഞു. നിലവിൽ രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിലേക്കാണ് ശ്രദ്ധ വേണ്ടതെന്നും രാഹുലിന്റെ പരാമർശം ബിജെപി വലിയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ട‌ുവരേണ്ടതില്ല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകൾ ഉണ്ടായിരുന്നു. അതിനെ ക്രിയാത്മകമായി കാണണമെന്നും ശരദ് പവാർ പറഞ്ഞു.