കേരളത്തിലെത്തിച്ച പ്രതി ഷാറൂഖ് സെയ്‌ഫിയെ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട്: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതിയായ ഷാരൂഖ് സെയ്‌ഫിയെ കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുന്നു.എഡിജിപി എംആര്‍ അജിത്ത് കുമാർ, ഐജി നീരജ് കുമാർ,കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്‌പാൽ മീണ എന്നിവർ മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലുണ്ട്.കേരളാ പൊലീസിന്റെ അന്വേഷണസംഘം ഇന്ന് പുലര്‍ച്ചയോടെ പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു.

കോഴിക്കോട്ടേക്ക് വരുന്നതിനിടെ പ്രതിയുമായി എത്തിയ വാഹനം കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഏതാണ്ട് മൂന്നര മണിയോടെ പഞ്ചറായതിനെ തുടർന്ന് ഒരു മണിക്കൂർ നേരം യാത്ര തടസ്സപ്പെട്ടിരുന്നു.പിന്നീട് മറ്റൊരു സ്വകാര്യ വാഹനമെത്തിയാണ് പ്രതിയെ കേരളത്തിലെത്തിച്ചത്.വെള്ളത്തോര്‍ത്തുകൊണ്ട് മുഖം മൂടിയ നിലയിൽ പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതോടെ നിരവധി പേര്‍ തടിച്ചുകൂടി.

മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗവും മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജന്‍സ് ഏജൻസികളും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. മുംബൈ രത്‌നഗിരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇയാളെ പൊലീസിന്റെ നീക്കത്തിൽ സംശയം തോന്നി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ ഫോൺ, എടിഎം കാർഡ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.

എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നും കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ കോച്ചിന്റെ വാതിലിനരികിൽ വച്ച ബാഗ് പുറത്തേക്കു തെറിച്ചു വീണതാകാമെന്നാണു ഷാറുഖ് മൊഴി നൽകിയിരിക്കുന്നത്. ഇത്രയും നിർണായകമായ തെളിവ് പ്രതി ഉപേക്ഷിക്കുമോ എന്ന സംശയം തുടക്കം മുതൽ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ബാഗിലുണ്ടായിരുന്ന 2 കുപ്പി പെട്രോൾ പുറത്തെടുത്ത് യാത്രക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.