ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി

തിരുവനന്തപുരം കാട്ടാക്കടയിൽ ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് നാവെട്ടിക്കോണം സ്വദേശി പ്രണവിനെ കാട്ടാക്കട പൊലീസ് ഒന്നാംപ്രതിയാക്കി കേസെടുത്തത്. സംഭവത്തിൽ പൊലീസിനെതിരെ പ്രണവിന്റെ അമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാക്കട കാട്ടാൽ ദേവീക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ പ്രണവ് ഉൾപ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസിനെതിരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു നടപടി. സംഘർഷത്തിൽ ആര്യനാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത് പ്രണവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഘർഷം നടക്കുമ്പോൾ പ്രണവ് അതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു

29 കാരനായ പ്രണവിന് ജന്മനാ മാനസിക വൈകല്യമുണ്ടെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ രാധ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കല്ലെറിഞ്ഞയാളെ കൊണ്ടുവന്നാൽ മകനെ വിടാമെന്ന് പൊലീസ് പറഞ്ഞെന്നുമാണ് പരാതി.

സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. അതിൽ ഒന്നാംപ്രതി പ്രണവും. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാൻഡ് ചെയ്തു. ചെയ്യാത്ത കുറ്റം ചുമത്തി ജയിലടച്ച മകന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് അമ്മ ലത.