ഫാഷൻ തരംഗങ്ങളെ ആളുകളിലേക്ക് എത്തിക്കുന്ന ഒന്നാണ് വോഗ് മാഗസിൻ. പലപ്പോഴും ചരിത്രം കുറിച്ചിട്ടുണ്ടെങ്കിലും വോഗ് ഫിലിപ്പീൻസിന്റെ ഏപ്രിൽ ലക്കത്തിന്റെ കവർ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്. തദ്ദേശീയ ടാറ്റൂ ആർട്ടിസ്റ്റായ അപ്പോ വാങ്-ഓഡ് എന്ന 106 വയസുകാരിയാണ് കവർ പേജിൽ മോഡലായി എത്തിയിരിക്കുന്നത്.85-ാം വയസ്സിൽ ബ്രിട്ടീഷ് വോഗിന്റെ കവറിൽ ഇടം നേടിയ ഡാം ജൂഡി ഡെഞ്ചിനെ പിന്തള്ളി അപ്പോ വാങ്-ഓഡ് ഇപ്പോൾ ഏറ്റവും പ്രായമേറിയ വോഗ് കവർ മോഡലായിരിക്കുകയാണ്. വടക്കൻ ഫിലിപ്പൈൻസിലെ കലിംഗ പ്രവിശ്യയിലെ ബുസ്കലാൻ എന്ന വിദൂര ഗ്രാമത്തിലാണ് വാങ്-ഓഡ് ജീവിക്കുന്നത്. മുളയും സിട്രസ് മുള്ളും പോലെയുള്ള തടി കൊണ്ട് നിർമ്മിച്ച ചുറ്റികയും സൂചിയും ഉപയോഗിച്ച് ചർമ്മത്തിൽ കൈകൊണ്ട് മഷി തൊടുന്ന ഒരു തദ്ദേശീയ ഫിലിപ്പൈൻ പച്ചകുത്തൽ വിദഗ്‌ധയാണ് ഇവർആയിരം വർഷം പഴക്കമുള്ള ബാറ്റോക്ക് എന്ന ഈ പച്ചകുത്തൽ കലയിൽ 90 വർഷത്തോളമായി സജീവമാണ് വാങ്-ഓഡ്. വാങ്-ഓഡിന്റെ ലോകപ്രശസ്ത ടാറ്റൂകളിലൊന്ന് ദേഹത്ത് പച്ചകുത്താനായി ആയിരക്കണക്കിന് ആളുകളാണ് ബസ്കലാനിലേക്ക് ഒഴുകിയെത്തുന്നത്. “തന്റെ തലമുറയിലെ അവസാനത്തെ മാംബാബറ്റോക്ക് എന്ന് വിളിക്കപ്പെടുന്ന അവർ, കലിംഗ ഗോത്രത്തിന്റെ പ്രതീകങ്ങൾ-ബസ്കലാനിലേക്ക് തീർത്ഥാടനം നടത്തിയ ആയിരക്കണക്കിന് ആളുകളുടെ ചർമ്മത്തിൽ – ശക്തി, ധീരത, സൗന്ദര്യം എന്നിവയെ സൂചിപ്പിച്ച് പച്ചകുത്തിയിട്ടുണ്ട്,” വോഗ് ഫിലിപ്പീൻസ് ഒരു പോസ്റ്റിൽ കുറിക്കുന്നു.
വാങ്-ഓഡ് 16-ാം വയസ്സിൽ തന്റെ പിതാവിൽ നിന്ന് ബാറ്റോക്ക് പഠിക്കാൻ തുടങ്ങിയതാണ്. പച്ചകുത്തൽ സമ്പ്രദായം ഒരു വ്യക്തിയുടെ പാരമ്പര്യത്തിലൂടെ മാത്രമേ കൈമാറാൻ സാധിക്കുകയുള്ളു. അതിനാൽ ഈ കലാരൂപം സംരക്ഷിക്കുന്നതിനായി വാങ്-ഓഡ് ബന്ധുക്കളെ ബാറ്റോക്കിൽ പരിശീലിപ്പിക്കുന്നുണ്ട്.