പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കറുത്ത തൊപ്പി, കാക്കി പാന്റ്, ജാക്കറ്റ്; എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്.

മൈസൂരു ∙ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കും. ഇതിനു മുന്നോടിയായി കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ സഫാരി നടത്തിയ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വിഡിയോയും വൈറലായി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്.

ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്സ് അലയൻസിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും.കടുവ സംരക്ഷണത്തിൽ സർക്കാർനയം വ്യക്തമാക്കുന്ന ‘അമൃത് കാൽ’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും. രാവിലെയാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ മോദി സഫാരി നടത്തിയത്. തുടർന്നു തമിഴ്നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദർശിക്കും. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്സിലെ’ ആനക്കാരായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ചയുമുണ്ട്. വീണ്ടും മൈസൂരുവിലേക്ക് മടങ്ങിയെത്തിയാണ് റിപ്പോർട്ട് പുറത്തിറക്കുക.1970–ൽ കടുവാവേട്ട ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയിൽ കടുവകളെ സംരക്ഷിക്കാൻ പ്രോജക്ട് ടൈഗർ എന്ന പേരിൽ സർക്കാർ പുതിയ പദ്ധതി കൊണ്ടുവന്നത് 1973–ലാണ്. അന്ന് രാജ്യത്ത് 9 കടുവാസംരക്ഷണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇന്നത് 53 എണ്ണമായി ഉയർന്നു; 75,500 ചതുരശ്ര കിലോമീറ്റർ പ്രദേശം. ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിലെ വനങ്ങളിൽ 3000 കടുവകളാണ് ഉള്ളത്; ആഗോളതലത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്.