ഭർത്താവുമായി തർക്കം, ചോക്ലേറ്റ് കൊണ്ടുവരാത്തതിന് ജീവനൊടുക്കി 25കാരി

ബെംഗളൂരു∙ ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല എന്ന കാരണത്തെ ചൊല്ലി ഇരുപത്തഞ്ചുകാരിയായ ഭാര്യ ജീവനൊടുക്കി. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്. സലൂണിൽ ജോലിക്കാരനായ ഗൗതമും ഭാര്യ നന്ദിനിയും കോളജ് കാലം മുതൽ തമ്മില്‍ അറിയുന്നവരാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.

കര്‍ണാടകയിലെ ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സംഭവദിവസം രാവിലെ ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടയുകയും തുടര്‍ന്ന് ഇരുവരും വഴക്കിടുകയും ചെയ്തു. ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാൻ നന്ദിനി ആവശ്യപ്പെട്ടു. കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി വീട്ടിൽനിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോൺ കോളുകൾ എടുത്തില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.11:45ഓടെ നന്ദിനി ഭർത്താവിന് വാട്സാപ് സന്ദേശങ്ങൾ അയച്ചു. താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കണ്ട് ഭയന്ന ഗൗതം, നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ നന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഹെന്നൂർ പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.