മുൻ റെയിൽവെ ജീവനക്കാരന്റെ കൊലപാതകത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: മുൻ റെയിൽവെ ജീവനക്കാരൻ അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയില്‍ പ്രഭാകരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ.മാര്‍ച്ച് അഞ്ചിനാണ് പ്രഭാകരനെ വീട്ടിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

മോഷണ ശ്രമം ചെറുക്കുന്നതിനിടെ നാടോടികളായ പ്രതികളുടെ മർദ്ദനമേറ്റാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകള്‍ പൊട്ടിയതും ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതങ്ങളും പ്രഭാകരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രഭാകരൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രതികൾ ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന രീതിയിൽ പല തവണ പ്രഭാകരന്റെ വീട്ടിൽ വന്നിട്ടുണ്ട്.

വീട്ടിലേക്ക് നാടോടി സംഘങ്ങള്‍ വരുന്നതും പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.പ്രദേശവാസികളിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.തമിഴ്‌നാട് സ്വദേശികളായ യുവതിയെയും യുവാവിനേയും അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകമാണെന്ന് പ്രതികള്‍ പറഞ്ഞു