കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യകുറ്റം നിലനിൽക്കും, ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് നരഹത്യ ഒഴിവാക്കിയ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്.അപകടം നടന്നതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ദൃക്‌സാക്ഷികളും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫാ നജീമിനേയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.