യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികൾക്ക് ആർ എസ് എസ് എന്താണെന്ന് വ്യക്തമായി അറിയാം,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ക്രിസ്ത്യാനികൾ വീട്ടിൽ എത്തിയാൽ തല്ലിയോടിക്കണമെന്ന് പറഞ്ഞത് ബിജെപി മന്ത്രി.ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞത് ആര്‍എസ്എസ്. ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അതില്‍ മൂന്ന് പേര്‍ മാത്രമെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുള്ളൂ.വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ സംഘപരിവാര്‍ സംഘടനകള്‍ വേട്ടയാടുന്നതിനെതിരെ 79 ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ കുറിച്ച് ഇപ്പോള്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തുന്നവര്‍ ഓര്‍ക്കണം.

ക്രൈസ്തവ ദേവലയങ്ങള്‍ ആക്രമിക്കുന്നു, ആരാധന തടപ്പെടുത്തുന്നു, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് ആരാധാന അനുവദിക്കുന്നില്ല, വൈദികരെ ജയിലിലാക്കുന്നു തുടങ്ങിയവയെക്കുറിച്ച് വിവരിച്ചുള്ള പരാതിയാണ് ബെംഗലുരുവിലെ ബിഷപ്പായ പീറ്റര്‍ മച്ചഡോ നല്‍കിയതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല.

ചര്‍ച്ച് ബില്ലിലൂടെ സര്‍ക്കാര്‍ എന്താണ് കൊണ്ടു വരാന്‍ പോകുന്നതെന്ന് അറിയാതെ അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് പറയുന്ന മന്ത്രിയെക്കുറിച്ച് എന്താണ് പറയേണ്ടത്? പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ ചര്‍ച്ച് ബില്ലിനെ കുറിച്ച് ഒരു ധാരണയുമില്ല.ചര്‍ച്ച് ബില്ലിന്റെ കോപ്പി പ്രതിപക്ഷ നേതാവിന് നല്‍കിയാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാം.സമുദായത്തിലെ യുവജന സംഘടന നേതാക്കള്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്തിനാണെന്നും വി ഡി ചോദിച്ചു.