മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവദി ബിജെപി വിട്ടു.

ബെംഗളൂരു: സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുൻ ഉപമുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമായ ലക്ഷ്മൺ സാവദി ബിജെപി വിട്ടു.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിയിലെ പൊട്ടിത്തെറി.

ബിജെപിയുടെ മുതിർന്ന നേതാവും സാവദി ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖനും കൂടിയായ ലക്ഷ്മൺ സാവദിയുടെ രാജി പാർട്ടിക്കു തലവേദനയാകുമെന്നാണ് വിലയിരുത്തൽ.ക‍ർണാടകത്തിലെ 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ 189 പേരുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയാണ് ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 32 പേർ ഒബിസി വിഭാഗത്തിൽ നിന്നും 30 എസ്സി വിഭാഗത്തിൽ നിന്നും 16 പേർ എസ്ടി വിഭാഗത്തിൽ നിന്നും 52 പുതുമുഖങ്ങളുമാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്.

യെഡിയൂരപ്പയ്ക്കു ശേഷം ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവായാണ് ലക്ഷ്മൺ സാവദി.2003 മുതൽ 2018 വരെ എംഎൽഎയായിരുന്നു.2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബെളഗാവി ജില്ലയിലെ അത്തണിയിൽനിന്നു മത്സരിച്ച സാവദി കോൺഗ്രസിലെ മഹേഷ് കുംതഹള്ളിയോട് പരാജയപ്പെട്ടിരുന്നു.2019 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കാനായി യെഡിയൂരപ്പയെ പിന്തുണച്ചു കോൺഗ്രസ് വിട്ട 17 എംഎൽഎമാരിൽ മഹേഷ് കുംതഹള്ളിയും ഉൾപ്പെട്ടിരുന്നു.

വീണ്ടും മഹേഷ് കുംതഹള്ളിയെ തന്നെ അത്തണി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതാണ് ലക്ഷ്മൺ സാവദിയെ പ്രകോപിപ്പിച്ചത്.സ്ഥാനാർഥിത്വം ലഭിക്കാതെ വന്നതോടെ മറ്റൊരു മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന കെ എസ് ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നു രാംദുർഗ്, ജയനഗർ, ബെളഗാവി നോർത്ത് എന്നിവടങ്ങളിൽ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ സീറ്റ് നിഷേധിച്ചതോടെ ദേശീയ നേതൃത്വത്തെ കാണാനായി ഡൽഹിയിലേക്ക് തിരിച്ചു. ദേശീയ നേതൃത്വത്തിൽനിന്നു അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സുബ്ബള്ളിയിൽനിന്നു ഷെട്ടാർ വിമതനായി മത്സരിച്ചേക്കും. ഭാവി പരിപാടികൾ ചർച്ച ചെയ്യാനായി സാവദി വ്യാഴാഴ്ച അനുയായികളുടെ യോഗം വിളിച്ചു.ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുന്നതായി ലക്ഷ്മൺ സാവദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ചത്തെ യോഗത്തിനു ശേഷം ശക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..