ഗുണ്ടാ വിളയാട്ടം,ലഹരി കച്ചവടം, തലസ്ഥാനത്തു തട്ടുകടകൾ രാത്രി 11 മണിക്ക് പൂട്ടണം

തിരുവനന്തപുരം: രാത്രി വൈകിയും തുറന്നിരിക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വിൽപനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ തട്ടുകടകൾക്ക് രാത്രി 11 വരെ മാത്രം പ്രവർത്തനാനുമതി നൽകാൻ തീരുമാനം.

നിലവിൽ പ്രവർത്തിച്ചു വരുന്ന തട്ടുകടകൾക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇത് നിർത്തലാക്കി പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്, മോട്ടർവാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് കമ്മീഷണർ ഉത്തരവ് ഇറക്കി.

തട്ടുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകൾക്ക് നഗരസഭ ലൈസൻസ് നൽകും. ശംഖുമുഖം, വേളി, കോവളം, പൂജപ്പുര, കവടിയാർ എന്നിവയാണ് പുതിയ സോണുകൾ.ലൈസൻസ് നൽകിയിട്ടുള്ള സോണുകളിൽ മാത്രമേ ഇനിയും കട നടത്താൻ കഴിയൂ. നിലവിൽ 3000 ത്തിലേറെ അപേക്ഷകൾ നഗരസഭയ്ക്കു മുന്നിലുണ്ട്. 

നഗരത്തിൽ‍ പലയിടത്തും രാത്രി വൈകിയും പ്രവർത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളാണ് ഉള്ളത്. വളരെയേറെ ആളുകൾ ഇവയെ ആശ്രയിക്കുന്നു. ദൂരയാത്ര കഴിഞ്ഞെത്തുന്നവർക്കും തിയേറ്ററുകളിൽ സിനിമകൾ കണ്ടിറങ്ങുന്നവർക്കും തട്ടുകടകളക്കം വലിയ ആശ്രയമായിരുന്നു.കനകക്കുന്നിൽ തട്ടുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്.നഗരത്തിൽ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമത്തിനു തടസ്സമാകാം ഈ പുതിയ നീക്കമെന്ന് ആശങ്കയുണ്ട്.