പോലീസിനെ സാക്ഷിയാക്കി നടത്തിയ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.

ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയും മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട  പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.അതീഖ് അഹമ്മദിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ അതീഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്.

പ്രയാഗ് രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ മാധ്യമങ്ങളുടെയും പോലീസിന്റെയും കൺമുമ്പിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.മകൻ  ആസാദ് അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് മൂന്നംഗ സംഘം വെടിയുതിർത്തത്.അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ് രാജിലും കാൺപൂരിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പോലീസ് സുരക്ഷയിലിരിക്കെ നടന്ന കൊലപാതകത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.