നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടിയിടിച്ചു് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തൊടുപുഴ : നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ (60) എന്നിവരാണ് മരിച്ചത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ 8 മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ വാഴക്കുളം മടക്കത്താനത്താണ് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങുവാൻ കടയിലേക്കു പോയതാണ് അടുത്ത് തന്നെ താമസിക്കുന്ന മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും മകളുടെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം