കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. എറണാകുളത്ത് ടാജ് മലബാറിൽ തിങ്കളാഴ്ച വൈകിട്ട് ഏഴിന് എട്ട് സഭാ മേലധ്യക്ഷന്മാരും പാർട്ടിയെ പ്രതിനിധീകരിച്ച് ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവരാണ് പ്രധാനമന്ത്രിയുമായി രാഷ്ട്രീയ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്തെ ക്രൈസ്തവ ഏകോപനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ അമരക്കാരനായ ബിജെപി വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രഹ്ളാദ് ജോഷി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ,എന്നിവരുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.