ആഭ്യന്തര യുദ്ധത്തിനു ശമനമില്ല; സുഡാനിൽനിന്ന് കൂട്ടപ്പലായനം

ഖാർത്തും ∙ സുഡാനിൽ 11 ദിവസമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനു ശമനമില്ല. സൈന്യത്തിന്റെയും അർധസൈനിക വിഭാഗമായ ആർഎസ്എഫിന്റെയും പോരാട്ടത്തിനിടെ കുടുങ്ങിയ ജനം രക്ഷപ്പെടാനായി അയൽരാജ്യങ്ങളിലേക്ക് പലായനം തുടങ്ങി.

പതിനായിരത്തിലേറെപ്പേർ ദക്ഷിണ സുഡാനിൽ അഭയം തേടി. ഊർജ, ശുദ്ധജല പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായി. ആശുപത്രികളും കടുത്ത പ്രതിസന്ധിയിലാണ്. സന്നദ്ധ സംഘടനകൾ ഭക്ഷ്യ വിതരണം നിർത്തിയത് സ്ഥിതി വഷളാക്കി.പാശ്ചാത്യ രാജ്യങ്ങൾ എംബസികളുടെ പ്രവർത്തനം നിർത്തി. സുഡാനിലെ നൂറുകണക്കിനു യുഎൻ ഉദ്യോഗസ്ഥരെ അപകടമേഖലയിൽ നിന്ന് മാറ്റിയതായി സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു. 70 നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക ഹെലികോപ്റ്ററുകളിൽ ഒഴിപ്പിച്ച യുഎസ് സുഡാനിലുള്ള 16,000 യുഎസ് പൗരന്മാരെ കൂട്ടമായി ഒഴിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചു.