ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര ദ്വീപിൽ ഭൂചലനം; 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിൽ ചൊവ്വാഴ്ച പുലർച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ഭീമാകാരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച പ്രദേശിക സമയം പുലർച്ചെ 3:00 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 177 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മെന്റവായ് ദ്വീപുകളിലും കടലിനടിയിൽ 84 കിലോമീറ്റർ ആഴത്തിലുമാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ, പ്രവിശ്യാ തലസ്ഥാനമായ പഡാങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏകദേശം 30 സെക്കൻഡ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

നവംബറിൽ, റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായപ്പോൾ, 340 പേർ കൊല്ലപ്പെടുകയും 62,600 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.