നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ്; 21 മാസം ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടാഴ്ചയായി. ഇതിന് പിന്നാലെയാണ് വ്യാജ അഭിഭാഷിക കീഴടങ്ങിയത്. സെസി സേവ്യറെ പിടികിട്ടാപുളളിയായി പൊലീസ് പ്രഖ്യാപിചിരുന്നു.നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങിയത് ഇന്നലെയാണ്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സെസിയുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. 21 മാസത്തിലധികമായി ഒളിവിൽ ആയിരുന്നു സെസി സേവ്യർ. മെയ് എട്ടുവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ഒളിവിൽ പോയ ശേഷം സെസി സേവ്യർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സെസി ഒളിവിൽ തുടരുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.