മണിക്കൂറിനു മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ,കോഴിക്കോട് പെണ്‍വാണിഭ സംഘം പിടിയില്‍

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞ്ഞാലില്‍ സനീഷ് (35), പാലക്കാട് ആലത്തൂര്‍ പത്തനാപുരം ഷമീര്‍ (33) എന്നീ നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

ഇടപാടുകാരായ മൂന്നുപേര്‍ക്ക് ജാമ്യം അനുവദിച്ചു. വെബ്‌സൈറ്റില്‍ നമ്പര്‍ നല്‍കിയ സംഘം വാട്‌സ്ആപ്പ് മുഖേന യുവതികളുടെ ഫോട്ടോ അയച്ചുകൊടുത്താണ് ഇടപാടുകാരെ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ക്ക് മൂവായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഈടാക്കിയിരുന്നത്. കോഴിക്കോട്ടുകാരായ നിരവധി സ്ത്രീകള്‍ സംഘത്തിന്റെ വലയില്‍പ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്.

പെണ്‍വാണിഭത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിൽ നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോണ്‍ കൂടുതൽ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും. കസ്റ്റഡിയിലെടുത്ത യുവതികളെ കോടതി നിര്‍ദേശപ്രകാരം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചു.