തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്നും നാളെയുമായി പത്തു ജില്ലകളിൽ യെല്ലോ അലേർട്ട്. ഇന്ന് മൂന്ന് ജില്ലകളിലും ഞായറാഴ്ച എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മേയ് 02 ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുക്കുന്നത്.
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.