കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ, കോടതിയിൽ കാണാം ഗോവിന്ദൻ,സ്വപ്ന സുരേഷ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ പ്രതികരിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കേസ് കൊടുത്ത് വിരട്ടാമെന്നു സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്നും ഇനി നമുക്ക് കോടതിയിൽ കാണാമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

“ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം. ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു. എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ചു കോർട്ട് ഫീ അടച്ചു സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്. ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു”- സ്വപ്ന കുറിച്ചു.

മലയാളത്തിൽ എഴുതിയിരിക്കുന്നത് മലയാളിയായ ഗോവിന്ദൻ തന്റെ സന്ദേശം വളരെ വ്യക്തമായി മനസിലാക്കണമെന്ന് ആഗ്രഹിന്നു. സ്വപ്ന ഇംഗ്ലീഷിൽ കുറിച്ചു.സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്നാണു ഗോവിന്ദന്റെ ആവശ്യം. തളിപ്പറമ്പ് കോടതിയിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് എം വി ഗോവിന്ദൻ നേരിട്ടു ഹാജരായാണ് ഹർജി നൽകിയത്.

എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരം വിജേഷ് പിള്ള 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നു സ്വപ്ന ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം ഉണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽനിന്നു പിന്തിരിയുന്നതിനായി
സ്വപ്‌ന സുരേഷ് കലാപം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന പരാതിയിൽ തളിപ്പറമ്പ് പോലീസ് സ്വപ്നയ്ക്കും വിജേഷിനുമെതിരെ കേസെടുത്തിരുന്നു.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിൻ്റെ പരാതിയിലായിരുന്നു നടപടി. പ്രതിയായ വിജേഷ് പിള്ളയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഹൈക്കോടതി എഫ്ഐആർ സ്റ്റേ ചെയ്തു.ഇതേ തുടർന്നാണ് എം വി ഗോവിന്ദൻ തളിപ്പറമ്പ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.