ന്യൂഡൽഹി : മുതിർന്ന രാഷ്ട്രീയ നേതാവും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനുമായ ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. വാർത്താ സമ്മേളനത്തിലാണ് ശരദ് പവാര്‍ എൻസിപി അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി അറിയിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് ശരദ് പവാർ കെട്ടിപ്പടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP). പെട്ടെന്നുള്ള പ്രഖ്യാപനം സമ്മേളനത്തിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.
പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തിയ പവാര്‍ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണെങ്കിലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു. പവാറിന്‍റെ രാജി പ്രഖ്യാപനത്തോടെ എംവിഎയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് ഉയർന്നിരിക്കുന്നത്.നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ, കേന്ദ്ര കൃഷി മന്ത്രി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിക്കാൻ എൻസിപി, കോൺഗ്രസ്, പ്രത്യയശാസ്ത്രപരമായി ഭിന്നതയുള്ള ശിവസേന എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
പവാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയുടെ കടിഞ്ഞാൺ ഇനി ആരുടെ കൈകളിലേക്ക് പോകുമെന്നതാണ് ഏറ്റവും വലിയ ചോദ്യം.
NCP ചീഫ് സ്ഥാനത്തേയ്ക്ക് ആദ്യം ഉയരുന്ന പേര് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയെയുടേതാണ്. എന്നാൽ അജിത് പവാറും ഈ സ്ഥാനം മോഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ ഈ രണ്ട് പേരുകളാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്.