എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സൈഫി എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയെ എന്‍ഐഎ ഏഴുദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. ഷാറൂഖിനെ എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്യും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എന്‍ഐഎക്ക് കൈമാറി.ഷാറൂഖിന് മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഏഴുദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെള്ളിവെടുപ്പ് ഉൾപ്പടെ നടത്തും.

പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ഷാരൂഖ് സെയ്‌ഫി കാര്യമായി സഹകരിച്ചിരുന്നില്ല. താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്.ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒന്‍പത് മണിയോടെ കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയുടെ ബോ​ഗിക്കുള്ളില്‍ പ്രതി തീവെയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേർ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. തീവെപ്പിന് ശേഷം രക്ഷപ്പെട്ട ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് പിടികൂടുന്നത്.