ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വയ്ക്കും, നിർമ്മാതാക്കൾക്കെതിരെ ഷൈൻ ടോം ചാക്കോ

വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക, നടന്മാരെ പിന്തുണച്ച് ഷൈൻ ടോം ചാക്കോ. നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഏപ്രിൽ 25 മുതലാണ് നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയത്.

കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് ഷൈൻ പറഞ്ഞു. “ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ൻ നിഗം ആണെങ്കിലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയവരാണ്. വിലക്കാൻ ആണെങ്കിൽ അവർ വിലക്കട്ടെ, എന്താണ് അതിൽ കൂടുതൽ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ… തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കും പറ്റില്ല. സസ്പെൻഷൻ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ ലിസ്റ്റ് ഞങ്ങളും വയ്ക്കും. ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്,” ഷൈൻ ടോം ചാക്കോ പറഞ്ഞു.

ലഹരി ഉപയോഗം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ പേരിലേയ്ക്ക് നടപടി നീളുമെന്നും കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചതെന്നും സിനിമാ സംഘടനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.