യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, പ്രവാസിക്ക് തടവുശിക്ഷ

അബുദാബി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഏഷ്യന്‍ പ്രവാസിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച്‌ യുഎഇ അപ്പീല്‍ കോടതി. മുപ്പത്തിനാലുകാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി പരാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നതാണ് കേസ്.

പരാതിക്കാരി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തെ കെട്ടിടത്തില്‍ താമസിക്കുന്ന യുവാവ് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

താമസസ്ഥലത്ത് ആരോ കയറിയെന്നു സംശയം തോന്നിയ പരാതിക്കാരി പിന്നെ കണ്ടത് പ്രതി തന്റെ സമീപത്ത് നില്‍ക്കുന്നതായിട്ടാണെന്നും തന്റെ ദേഹത്ത് സ്പര്‍ശിച്ചതായും ഭയന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടിമറയുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.പ്രതിയെ ചോദ്യം ചെയ്തപ്പോൾ മദ്യ ലഹരിയില്‍ സംഭവിച്ചതാണെന്നും തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് പറഞ്ഞത്. ഇരു ഭാഗത്തേയും വാദം കേട്ട ശേഷമാണ് കോടതി പ്രതി കുറ്റക്കാരനാണെന്നുകണ്ട് തടവു ശിക്ഷ വിധിച്ചത് .